Tuesday, December 22, 2009

ഇവന്‍ ഒരു സംഭവം ആണ്

ബാംഗ്ലൂര്‍ ജീവിതത്തില്‍ കുറെ രസകരമായ ഓര്‍മ്മകള്‍ ഉണ്ട് . ഞാന്‍ അന്ന് എന്റെ ആദ്യത്തെ ഓഫീസില്‍ ആണ് . അവിടെ കേരളത്തില്‍ നിന്നും പുതിയ ഒരു സ്റ്റാഫ്‌ ജോയിന്‍ ചെയ്യാന്‍ വന്നിരിക്കുകയാണ് . തലേ ദിവസം ജോയിന്‍ ചെയേണ്ട ആശാന്‍ വരുന്നത് ഒരു ദിവസം വൈകി , അതും ഒരു പത്തു മണി കഴിഞ്ഞിട്ട് . അവനെ കണ്ടാല്‍ തന്നെ ഒരു പാവം ആണ് . ചാവക്കാട് മറ്റോ ആണ് സ്വദേശം , ആദ്യമായി ഒരു നഗരത്തില്‍ വരുന്നതിന്റെ എല്ലാ അന്ധാളിപ്പും അവന്റെ മുഖതുണ്ട്.

രാവിലെ തന്നെ ആരുടെയോ തെറി കേട്ട് അകെ ദേഷ്യപെട്ടു ഇരിക്കുന്ന RM ആ ദേഷ്യം തീര്‍ത്തത് ഇവന്റെ അടുത്തായിരുന്നു . പയ്യന്‍ അകെ വിരണ്ടുപോയി എന്നത് സത്യം . നിഷ്കളങ്കന്‍ മാത്രം അല്ല കുറെ മണ്ടത്തരങ്ങളും ഉണ്ട് കയ്യില്‍ .
മലയാളം മാത്രം മര്യാദക്ക് സംസാരിക്കാന്‍ അറിയാവുന്ന അവനോടു മടിവലയില്‍ നിന്നും യശ്വന്ത്പുരക്ക് പോകാന്‍ പറഞ്ഞപോള്‍ , സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്കും RM നോട് കുറച്ചു ദേഷ്യം തോന്നി . അറിയുന്ന ഒരാള്‍ക്ക് തന്നെ അത്രയും ദൂരം പോകാന്‍ ബുദ്ധിമുട്ടാണ് , പിന്നെ അല്ലെ ആന്നു ആദ്യമായി വരുന്ന ഒരാള്‍ .വഴിയെ പോകുന്ന തെറി എന്തിനാ ചോദിച്ചു വങ്ങിക്കുന്നെ എന്ന് വെച്ച് മിണ്ടാതിരുന്നു .
അവന്റെ നിസഹായവസ്ഥ കണ്ടു മനസലിഞ്ഞ ( അങ്ങനെ ഒന്നും അധികം സംഭിവക്റില്ല) അവിടുത്തെ മാനേജര്‍ എങ്ങനെ അവിടെ എത്താം എന്ന് പറഞ്ഞു കൊടുക്കുകയാണ് . മടിവാലയില്‍ നിന്നും മേജെസ്ടികില്‍ പോയി അവിടെനിന്നും യേശ്വന്ത്പുര്‍ ബസ്‌ കിട്ടും എന്നും പ്ലട്ഫോം നമ്പറും ബസ്‌ നമ്പറും പറഞ്ഞു കൊടുത്തു . മടിവാലയില്‍ നിനും 356 ബസില്‍ കയറി മജെസ്ടിസില്‍ ഇറങ്ങാന്‍ ആണ് അവര്‍ ഇവന്റെ അടുത്ത് പറയുന്നത് . അവന്‍ എല്ലാം തലകുലിക്കി സമ്മതിക്കുനുട്. എല്ലാം പറഞ്ഞു കഴിഞ്ഞു മനസിലായല്ലോ എന്നാല്‍ ഇനി പൊയ്ക്കോ എന്ന് പറഞ്ഞപോള്‍ അവന്‍ വളരെ ന്യായമായ ഒരു സംശയം ചോദിച്ചു !
" ഞാന്‍ മഡിവാള ബസ്‌ സ്റ്റോപ്പില്‍ പോകുമ്പോഴേക്കും ഈ 356 ബസ്‌ പോയാല്‍ പിന്നെ എന്ത് ചെയ്യും ?
അത് വരെ ബലം പിടിച്ചിരുന്ന RM വരെ ചിരിച്ചു പോയി . നല്ല തിരക്കിന്റെ ഇടയിലും അവനെ കാര്യമായി എല്ലാ പറഞ്ഞു മനസിലാക്കിയ മാനേജര്‍ ഇനി കരയണോ അതോ ചിരിക്കണോ എന്ന് ഒരു ഭാവത്തില്‍ അവനെ ഒന്ന് നോക്കി , അവിടെ നിന്നും എഴുന്നേറ്റു പോയി

അന്ന് രാവിലെ പന്ത്രണ്ടു മണിയോടെ മടിവാലയില്‍ നിന്നും പോയവന്‍ രാത്രി ഏഴുമണിയോടെ ബാംഗ്ലൂര്‍ മുഴുവന്‍ കറങ്ങി തിരിച്ചു മടിവാലയില്‍ തന്നെ എത്തി . യേശ്വത്പുര മാത്രം ആശാന്‍ പോയില്ല . രാവിലത്തെ ദേഷ്യത്തിന് പോകാന്‍ പറഞ്ഞെങ്കിലും വൈകുന്നേരം വരെ ഇവന്‍ യേശ്വത്പുര എത്താത്തതിനാല്‍ RM പാവം ടെന്‍ഷന്‍ അടിച്ചു തുടങ്ങിയിരുന്നു . പിന്നീടു ഒരു ആറു മാസത്തേക്ക് അവനെ തനിയെ എവിടേക്കും പോകാന്‍ വിടില്ല, ചോദിച്ചാല്‍ പറയും എന്തിനാ വെറുതെ
ടെന്‍ഷന്‍ അടിക്കുനത് എന്ന്
പിന്നെ ഈ കാര്യം പറഞ്ഞു ഞങ്ങള്‍ ചിരിക്കുമ്പോള്‍ മാനേജര്‍ പറയുന്നത് കേട്ടു, അന്ന് എനിക്ക് നിന്നെ ഈ സെക്കന്റ്‌ ഫ്ലോര്‍ യില്‍ നിന്നും എടുത്തു താഴെകിടാന്‍ ആണ് തോന്നിയത് എന്ന് .

കുറെ നാളത്തേക്ക് ഇവന്‍ ഞങ്ങള്‍ക്കിടയില്‍ ഒരു താരം ആയിരുന്നു

Wednesday, October 21, 2009

എന്റെ പ്രിയപ്പെട്ട അച്ചായന്‍!

ഇന്നലെ എന്റെ ഒരു കൂട്ടുകാരന്‍ വിളിച്ചിരുന്നു. ഞാനും അവനും ഒന്നിച്ചു ആന്ധ്രയില്‍ ജോലി ചെയ്തിരുന്നതാണ് . സംസാരത്തിന് ഇടക്ക് എപ്പോഴോ 'വിജയ്‌ ' ഒരു സംസാര വിഷയമായി . ഫോണ്‍ വെച്ചു കഴിഞ്ഞും അവനെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ മനസ്സില്‍ നിന്നും പോയില്ല.

ലോകത്ത് എന്റെ കൂടെ ഇല്ലാത്ത... എന്റെ ഒരു ജ്യേഷ്ഠ സഹോദരനെ പോലെ കരുതിയിരുന്ന എന്റെ കൂട്ടുകാരന്‍ വിജയ്‌ ... അവനെ കുറിച്ചവട്ടെ ഇത്തവണത്തെ പോസ്റ്റ്.

ഞാന്‍ അന്ന് ആന്ധ്രയിലെ വിജയവാഡയില്‍ ജോലി ചെയുകയാണ് . ഞങ്ങളുടെ ഓഫീസിന്റെ പുതിയ ഒരു ബ്രാഞ്ച് അവിടെവണ്‍ ടൌണ്‍എന്ന സ്ഥലത്ത് തുടങ്ങി. അവിടത്തെ മാനേജര്‍ എന്ന പോസ്റ്റില്‍ ആയിരുന്നു ഞാന്‍‌. പുതിയ ബ്രാഞ്ച് ആണെങ്കിലും അത്യാവശ്യം തിരക്കുണ്ട്‌. ഞാനും വേറെ രണ്ടു ലോക്കല്‍ സ്റ്റാഫുകളും മാത്രമേ ബ്രാഞ്ചില്‍ ഉണ്ടായിരുന്നുള്ളു . യിടയ്ക്കാണ്‌ ഹെഡ് ഓഫീസില്‍ നിന്നും വിളിച്ചു, പുതിയ ഒരാള്‍ അസിസ്റ്റന്റ് മാനേജര്‍ ആയി അവിടേക്ക് വരുന്നുണ്ട് എന്ന് പറഞ്ഞത്.

വരുന്ന
ആള്‍‌ മലയാളീ ആണെന്നറിഞ്ഞപ്പോള്‍ എനിക്കും സന്തോഷമായി. സാധാരണ അവിടുത്തെ സ്റ്റാഫുകളെ പോലെ ഒരു പത്തിരുപതു വയസുള്ള ഒരു പയ്യനെ ആണ് ഞാന്‍ പ്രതിക്ഷിച്ചത് . പക്ഷെ വിജയ്‌ എന്ന അവനു എന്നെക്കാള്‍ പത്തു പന്ത്രണ്ടു വയസ്സെങ്കിലും കൂടുതല്‍‌ കാണുമെന്ന് പരിചയപ്പെട്ടപ്പോള്‍ മനസ്സിലായി. മാത്രമല്ല, അവന്‍ കല്യാണം കഴിഞ്ഞു ഒരു കുട്ടിയുടെ അച്ഛനും ആയിരുന്നു. ആദ്യമൊക്കെ അവനെ പേര് വിളിക്കാന്‍ ഒരു മടി ഉണ്ടായിരുന്നു, പിന്നീട് അത് കുഴപ്പം ഇല്ല എന്നായി .

പ്രായം കൊണ്ട് എന്നതിലുപരി അനുഭവം കൊണ്ടും എന്നെക്കാള്‍‌ ഒരുപാടു ഉയര്‍ന്നവന്‍ ആയിരുന്നു വിജയ്‌ . സ്വദേശം തൃശൂര്‍... കുറെ കാലം ഗള്‍ഫില്‍ ആയിരുന്നു. വിവാഹത്തിന് ശേഷം ‘ഒരു കുഞ്ഞ്എന്നത് ഒരു സ്വപ്നമായപോള്‍ അവിടുത്തെ ജോലി മതിയാക്കി തിരിച്ചു നാട്ടില്‍ എത്തിയതായിരുന്നു അവന്‍ (അന്ന് അവന്റെ ഭാര്യ ബി എഡ് നു പഠിയ്ക്കുകയായിരുന്നു)

ഗള്‍ഫിലെ അനുഭവങ്ങളെ കുറിച്ച് അവന്‍ ഇടക്ക് എനിക്ക് പറഞ്ഞു തരുമായിരുന്നു . ഭാര്യയെയും മകനെയും വിട്ടു വീണ്ടും പോകാന്‍ മനസില്ലാത്തതിനാല്‍ ആണ് ചെറുതെങ്കിലും ജോലി സ്വീകരിക്കാന്‍ കാരണം. പക്ഷെ രണ്ടു വര്‍ഷത്തെ കമ്പനിയിലെ എന്റെ അനുഭവം കൊണ്ട് അവിടുത്തെ ജോലി അവനു ഒരു പാട് കഷ്ടപാടുകള്‍ ഉണ്ടാക്കി വെക്കും എന്ന് എനിക്കുറപ്പായിരുന്നു. ഞാന്‍ ഇത് അവനോടു പറയുകയും ചെയ്തു .

" അച്ചായന്‍" എന്നാണ് അവനെ അവിടുത്തെ മറ്റു മലയാളി സ്റ്റാഫുകള്‍ വിളിച്ചിരുന്നത്. എല്ലാവരുമായി അവന്‍ വളരെ പെട്ടന്നു തന്നെ അടുത്തു. ഞങ്ങളുടെ കൂട്ടത്തിലെ മുതിര്‍‌ന്നയാള്‍ എന്ന നിലയില്‍, എല്ലാവരും ഒരു ബഹുമാനത്തോടെ ആണ് അവനെ കണ്ടിരുന്നത്. എന്തിനും ഏതിനും ഞങ്ങളുടെ കൂടെ ഇറങ്ങാന്‍ അവന് ഒരു മടിയും ഇല്ലായിരുന്നു. ചിലപ്പോഴൊക്കെ മദ്യപിക്കുന്ന ഒരു ശീലം അവനുണ്ടായിരുന്നുവെങ്കിലും വേറെ ആര്‍ക്കും ബുദ്ധിമുട്ട് ഒന്നും ഉണ്ടാക്കുകയില്ല. അത്തരം അവസരങ്ങളില്‍ അവന്‍‌ പാടുന്ന പാട്ടു കേള്‍ക്കാന്‍ തന്നെ നല്ല രസമായിരുന്നു !

" സു സു സുരന്ഗനിക്ക മാലു കണ്ട ............
കിസ് കിസ് ......................"
( എനിക്ക് അത് മുഴുവനും ഓര്‍‌മ്മ വരുന്നില്ല)

കമ്പനിയില്‍ ഞങ്ങളെ ആവശ്യത്തിനും അനാവശ്യത്തിനും ബുദ്ധിമുട്ടിക്കുക എന്നത് കേരളത്തിലെ ഞങ്ങളുടെ ഹെഡ് ഓഫീസില്‍ ഇരിക്കുന്നവരുടെ ഒരു വിനോദം ആയിരുന്നു. ആന്ധ്രയിലെ പൊള്ളിക്കുന്ന ചൂടില്‍ ഇറങ്ങി മാര്‍ക്കറ്റിങ്ങിനു ഞങ്ങളെ നിര്‍ബന്ധിയ്ക്കുമായിരുന്നു അവര്‍. മാനേജര്‍ എന്ന നിലയില്‍ ബിസ്സിനെസ്‌ കുറവാണു എന്നതിന്റെ പേരില്‍ അക്കാലത്ത് ചീത്തവിളി ഞാന്‍ മുറയ്ക്ക് കേട്ടുകൊണ്ടിരുന്നു . യിടയ്ക്കാണ് അവിടുത്തെ വളരെ തിരക്കുള്ള മറ്റൊരു ബ്രാഞ്ചിലേക്ക് എനിയ്ക്ക് ട്രാന്‍സ്ഫര്‍ ആയത്. പകരം ബ്രാഞ്ചിലെ ചുമതല അവനെ ഏല്പിച്ചു

എന്നെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തില്‍‌ എനിയ്ക്ക് ശനിയുടെ അപഹാരം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. കാരണം ബ്രാഞ്ച് മാറിയതിനു പുറമേ ഞങ്ങളുടെ ഒരു സ്ഥിരം കസ്റ്റമര്‍ വളരെ മാന്യമായ രീതിയില്‍ ഞങ്ങള്‍ക്കിട്ടു പണിതു. ( പിന്നീട് ഒരിക്കല്‍ ഇതിനെ പറ്റി പറയാം). അതിന്റെ പേരില്‍ അതുവരെ പോലീസ് സ്റ്റേഷന്റെ പടി പോലും കണ്ടിട്ടില്ലായിരുന്ന ഞാന്‍ വിജയവാഡ പോലീസ് സ്റ്റേഷനിലെ സ്ഥിരം സന്ദര്‍ശകനായി. രാവിലെ ഓഫീസിലെ അറ്റന്റന്‍സ് മാര്‍ക്ക്‌ ചെയ്തു കഴിഞ്ഞാല്‍ പിന്നെ നേരെ പോലീസ് സ്റ്റേഷന്‍!


കമ്പനിക്ക്‌ ഏതാണ്ട് രണ്ടു മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ട്, അയാള്ക്ക് എതിരെ കേസ് ആയി. ഞങ്ങള്‍ കുടുങ്ങി എന്ന് പറയാം. മലയാളികള്‍ എന്ന നിലയില്‍ വളരെ മാന്യമായ രീതിയിലായിരുന്നു പോലീസിന്റെ പെരുമാറ്റം ( തെലുഗില്‍ ഇത്രയധികം തെറി വാക്കുകള്‍ ഉണ്ട് എന്ന് അന്ന് മനസിലായി !). ഓരോ ദിവസവും തിരിച്ചു വരുമ്പോള്‍ നാളെ നേരം വെളുക്കരുതേ എന്നാവും പ്രാര്‍ത്ഥന.

സമയത്ത് ഒരു പക്ഷെ ഞാന്‍ ഒരു ആത്മഹത്യ ചെയ്യാതിരുനത് വിജയും എന്റെ മറ്റു കൂട്ടുകാരും കൂടെ തന്നെ ഉണ്ടായിരുന്നത് കൊണ്ടായിരിക്കണം. അവന്‍ എപ്പോഴും എന്റെ കൂടെ ഉണ്ടാകും, എന്തെങ്ങിലും പറഞ്ഞു എന്നെ സമാധാനിപ്പിക്കും.

ആയിടയ്ക്ക് അവന്‍
അവന്റെ ഭാര്യക്ക് വേണ്ടി അവിടെ ഒരു സ്കൂളില്‍ ജോലി അന്വേഷിക്കുകയും , അത് ഏതാണ്ട് ശര്യവുകയും ചെയ്തു . ബി എഡ് കഴിയാറായ ഭാര്യെ അടുത്ത തവണത്തെ ലീവിനു അവിടേക്ക് കൊണ്ടുവരാനായിരുന്നു പരിപാടി.

ആന്ധ്രയിലെ ഏറ്റവും ചൂടുകൂടിയ സമയം ആയിരുന്നു അപ്പോള്‍. ഞാന്‍ കുറെ ദിവസമായി ഒരു ട്രാന്‍സ്ഫറിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു . തെലുഗ് ഞാന്‍ സംസാരിക്കും എനതിനാല്‍ എന്നെ ആന്ധ്രയില്‍ തന്നെ ഏതെങ്കിലും ബ്രാഞ്ചിലേയ്ക്ക് മാറ്റാന്‍ ആണ് ഹെഡ് ഓഫീസില്‍ നിന്നും ശ്രമിച്ചിരുന്നത് . അവസാനം ഒരു പ്രമോഷന്‍ ട്രാന്‍സ്ഫര്‍ വഴി എനിയ്ക്ക് തിരുപ്പതിയിലേയ്ക്ക് മാറ്റം കിട്ടി.

എനിക്ക് ഇന്നും ഓര്‍മയുണ്ട് - അന്ന് ഞാന്‍ അവരോടെല്ലാവരോടും യാത്ര പറയുമ്പോള്‍ കരയാതിരിക്കാന്‍ ആവുന്നത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. അപ്പോഴേയ്ക്കും ബ്രാഞ്ചിലെ ബ്രാഞ്ച് ഹെഡ് എന്ന പോസ്റ്റിലേയ്ക്ക് വിജയിനെ പ്രോമോട്ടു ചെയ്തിരുന്നു. എനിക്ക് അന്ന് നാലു ജില്ലകളിലായി എട്ടോളം ബ്രാഞ്ചുകളുടെ ചുമതലയുണ്ടായിരുന്നു , എപ്പോഴും മീറ്റിങ്ങും മറ്റുമായി തിരക്കു തന്നെയായിരുന്നുവെങ്കിലും മിക്ക ദിവസങ്ങളിലും ഞങ്ങള്‍‌ ഫോണില്‍ സംസാരിക്കുമായിരുന്നു.

അങ്ങനെ ഒരാഴ്ച ആഴ്ച ഞാന്‍ എന്തോ മീറ്റിങ്ങിനു വേണ്ടി കേരളത്തില്‍ ഉള്ള സമയം ആയിരുന്നു. മീറ്റിങ്ങിനു ഇടക്ക് ആരുടേയോ മരണ വിവരം പറയുന്നതു കേട്ടു. ആരെപ്പറ്റിയായിരിയ്ക്കും പറയുന്നത് എന്ന് സംശയിച്ചിരിയ്ക്കുമ്പോള്‍‌ എനിയ്ക്ക് വിജയവാഡയില്‍ ഉള്ള എന്റെ ഒരു കൂടുകാരന്റെ ഫോണ്‍‌ വന്നു. അവന്‍ കരയുന്നുണ്ടായിരുന്നു . അവന്‍ പറഞ്ഞതു കേട്ടു ഞാന്‍ ഞെട്ടി. ഞങ്ങളുടെ വിജയ്‌ ഞങ്ങളെ ഒക്കെ വിട്ടു പോയി എന്നായിരുന്നു അവന്‍ പറഞ്ഞത്

ഉച്ചക്ക് എന്തോ ആവശ്യത്തിന് വേണ്ടി അടുത്ത ബ്രാഞ്ചിലേക്ക് വന്ന്‍ തിരിച്ചുപോകുമ്പോള്‍ ബസ്സ് സ്റ്റോപ്പില്‍ തലകറങ്ങി വീഴുകയായിരുന്നു എന്നാണ് കണ്ടു നിന്നവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. അപ്പോള്‍ തന്നെ അടുത്തുള്ള ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. "ഡീ ഹൈഡ്രേഷന്‍" ആയിരുന്നുവത്രേ. ആന്ധ്രയിലെ പൊള്ളുന്ന ചൂടു അനുഭവിച്ചിട്ടുള്ളവര്‍ക്ക് അറിയാം വെയിലത്ത്‌ പുറത്തു ഇറങ്ങി നടന്നാല്‍ എങ്ങനെ ഇരിയ്ക്കും എന്ന് .

അവസാനമായി തൃശ്ശൂരില്‍ അവന്റെ വീട്ടില്‍ വെച്ചു ഒരു നോക്ക് കണ്ടു-

അന്ന് ഒരു രണ്ടു രണ്ടര വയസു മാത്രം പ്രായമുള്ള, ഫോട്ടോയിലൂടെ മാത്രം ഞാന്‍ കണ്ടിട്ടുണ്ടായിരുന്ന അവന്റെ കുഞ്ഞിന്റെ മുഖം! അത് എന്റെ മനസ്സില്‍ നിന്നും ഒരു പക്ഷെ ഒരിക്കലും മാഞ്ഞു പോകില്ല .

ഇന്നും പഴയ ഓഫീസിനെ പറ്റി ചിന്തിയ്ക്കുമ്പോഴും അവിടെനിന്നും ആരെങ്കിലും വിളിയ്ക്കുമ്പോഴും എന്റെ മനസ്സില്‍ ആദ്യം ഓടി എത്തുന്ന ചിത്രം അവന്റേതാണ്, അകാലത്തില്‍ ഞങ്ങളെയെല്ലാം വിട്ടു പിരിഞ്ഞ ഒരു പാടു സ്വപ്നങ്ങള്‍ ഉണ്ടായിരുന്ന ഞങ്ങളുടെ അച്ചായന്റെ...

Wednesday, September 30, 2009

മടിക്കെരിയിലേയ്ക്ക്

ഓഫീസില്‍ ഒരു ഉച്ചയൂണു സമയത്തെ ഞങ്ങളുടെ വേള്‍ഡ് കോണ്‍‌ഫെറെന്‍‌സില്‍ ആണ്കൂര്‍ഗിലേക്ക് പോകാന്‍ തീരുമാനം ആയത്. പതിവുപോലെ തന്നെ വണ്ടിയുടെ കാര്യം ഞാന്‍ ഏറ്റു എന്ന്പയസ് പറഞ്ഞു .അങ്ങനെ അപ്പോള്‍ തന്നെ ഞങ്ങള്‍ സ്ഥിരം പോകാറുള്ള " പവര്‍ സ്ടീരിംഗ് "( ഇതുവിനീത് പറഞ്ഞതാണ് )ഉള്ള INDICA മതി എന്ന് തീരുമാനമായി . വെള്ളിയാഴ്ച വൈകിട്ട് പോയിസണ്‍‌ഡേ കാലത്ത് വരാന്‍ പാകത്തില്‍ ആണ് പ്ലാന്‍ ചെയ്തത്.

അങ്ങനെ വെള്ളിയാഴ്ച വന്നു, ഉച്ചക്കും എല്ലാവരും ഒരുമിച്ചു കണ്ടിരുന്നു. പയസും ബില്‍‌ബിയും കൂടിപോയി കാര്‍ എടുത്തുകൊണ്ടുവരാമെന്നും അവര്‍ വരുന്ന വഴിയില്‍ സുജിത്തിനെയും കൂട്ടുമെന്നുംപറഞ്ഞിരുന്നു. ഞാനും വിനീതും ശ്രീയേട്ടന്റെ മഡിവാളയിലുള്ള റൂമില്‍ എത്തിയാല്‍ മതി. എനിക്ക് റൂംഅറിയാത്തതിനാല്‍ വിനീത് എന്നെ കൂടികൊണ്ടുപോകം എന്ന് പറഞ്ഞിരുന്ന്നു . ഒരു പത്തുമണിയോടുകൂടി മഡിവാള എത്തി അവനെ വിളിച്ചപ്പോള്‍ അവന്റെ പതിവു മറുപടി തന്നെ “ഒരു അഞ്ചുമിനുട്ടിനുള്ളില്‍ ഞാന്‍ വരാം!” എന്ന്.

എന്തായാലും ഒരു ഒന്നൊന്നര മണിക്കുറിനു ശേഷം ആശാന്‍ വന്നു. പിന്നെ ഞാനും അവനും കൂടെ ശ്രീ യുടെ റൂമില്‍ എത്തി , ബാക്കി ഉള്ളവരെ കാത്തിരിപ്പായി , ശ്രീ കുറെകുപ്പികളില്‍ വെള്ളം നിറച്ച് വെച്ചിടുണ്ടായിരുന്നു (പച്ച വെള്ളം) . പതിന്നൊന്ന് മണിക്ക് വരാം എന്ന്പറഞ്ഞ പയസും ബില്‍‌ബിയും സുജിത്തും കൂടി ഏതാണ്ട് ഒരു മണിയോട് കൂടി വന്നു , അപ്പോഴേക്കും ശ്രീ ഇരിക്കാന്‍ തന്ന ചെയര്‍ ഞാന്‍ എന്റെ കിടക്ക ആക്കി ഉറക്കം തുടങ്ങിയിരുന്നു.

വൈകാതെ വണ്ടിയുടെ അറ്റകുറ്റപണികളും സുജിത്തിന്റെ പൂജയും ഒക്കെ കഴിഞ്ഞു ഒന്നരയോടെ ഞങ്ങള്‍ യാത്ര തുടങ്ങി. ആദ്യമായി പോകുന്നത് കാരണം വഴി ഒന്നും ആര്‍‌ക്കും അറിയില്ല. വഴിയില്‍ കണ്ടവരോടൊക്കെ ചോദിച്ചു യാത്ര തുടങ്ങി . ഉറക്കം നഷ്ടപെട്ട എനിക്ക് അപ്പോഴേക്കും വിശന്നു തുടങ്ങിയിരുന്നു. ‘മിണ്ടാതിരിക്കെടാ’ എന്ന് പറഞ്ഞു പയസ് ഒരു ബിസ്കറ്റ്പായ്ക്കറ്റ് എന്റെ കയില്‍ തന്നു , തല്‍കാലംആശ്വാസമായി!.

മൈസൂര്‍ കഴിഞ്ഞതോടെ വിനീത് വണ്ടി ഓടിക്കാന്‍ തുടങ്ങി , നല്ല ഹൈവേയില്‍ അത്യാവശ്യംസ്പീഡില്‍ വണ്ടി പോകുന്നുണ്ട്. ആശാന്‍ ആണെങ്കില്‍ വഴിയിലെ ഒറ്റ ഹംബ് പോലും കളയാതെവണ്ടി ചാടിക്കുന്നുണ്ട്. ഉറങ്ങാന്‍ സമതിക്കില്ല എന്ന് മാത്രമല്ല, തല വണ്ടിയില്‍ ഇടിക്കാനും തുടങ്ങി.സൈഡില്‍ ഇരുന്ന ശ്രീയേട്ടന്റെ തല വണ്ടിയില്‍ ഇടിച്ചപ്പോള്‍ , നല്ല മൂടല്‍ ഉണ്ടായിരുന്നിട്ടുപോലുംനക്ഷത്രം എണ്ണാന്‍ കഴിഞ്ഞു എന്ന് ശ്രീ പറയുന്നതു കേട്ടു! .

നേരം വെളുത്തപ്പോഴേക്കും കൂര്‍ഗ് അടുത്തിരുന്നു. മനോഹരമായ കാഴ്ചകള്‍ ആയിരുന്നു മഞ്ഞു മൂടിയവഴിയരികില്‍ , ശ്രീയേട്ടന്‍ തന്റെ ക്യാമറ കണ്ണുകളിലുടെ കുറെ ഒക്കെ ഒപ്പിയെടുത്തു.

രാവിലെ ഏതാണ്ട്എട്ടുമണിയോടെ ഞങ്ങള്‍ മടിക്കെരികടുത്തുള്ള "കുശാല്‍ നഗര്‍" എത്തി. പിന്നീട് കുളിയും മറ്റുംകഴിഞ്ഞാവാം യാത്ര എന്ന് തീരുമാനിച്ചു , അവിടെ ഇറങ്ങി ഒരു റൂം എടുത്തു, കുളിച്ചു. കുളി കഴിഞ്ഞതുംവിശപ്പ്‌ തുടങ്ങി.

അവിടെ നല്ല ഹോട്ടല്‍ ഒന്നും കാണാത്തത് കൊണ്ടു മടിക്കേരി പോയി കഴിക്കാം എന്ന് പറഞ്ഞു വണ്ടിഎടുത്തു. മടിക്കേരി അധികം വലുതൊന്നും അല്ലാതെ ഒരു ടൌണ്‍ ആണ്. അവിടെ കണ്ട ഒരുഹോട്ടലില്‍ കയറി ഇരുന്നപോള്‍ " എന്താ വേണ്ടേ?” എന്ന് ചോദിച്ചുകൊണ്ട് വെയിറ്റര്‍ വന്നു ,അപ്പോഴാണ് അത് മലയാളികളുടെ ഹോട്ടല്‍ ആണ് എന്ന് മനസിലായത്. മടിക്കെരിയിലെ ഒരു വിധംഎല്ലാവരും മലയാളം സംസാരിക്കും എന്ന് പിന്നീട് മനസിലായി.ഏതായാലും നല്ല വിശപ്പുള്ളത്കാരണം എന്തൊക്കെയോ അകത്താക്കി. ഇറങ്ങാന്‍ നേരം അവിടുത്തെ കടക്കാരനോട് തന്നെചോദിച്ചു സ്ഥലങ്ങള്‍ ഒക്കെ മനസിലാക്കി. ആദ്യംകുശാല്‍ നഗറിന്റെ അടുത്തുള്ള " GOLDEN TEMPLE" പോകാന്‍ തിരുമാനിച്ചു.

കുശാല്‍ നഗറില്‍ നിന്നും അധികം വീതിയില്ലാത്ത ഒരു വഴിയിലുടെ ആണ് ഈ ഗോള്‍ഡന്‍ടെമ്പിളിലേക്ക് പോയത്. വളരെ പുരാതനമായ ഒരു ജെയിന്‍ ദേവാലയം ആണ് ഇത്. ദൂരെ നിന്നു തന്നെഇതിന്റെ സ്വര്‍ണ ഗോപുരം കാണാന്‍ വളരെ ഭംഗിയുണ്ടയിരുന്നു. വണ്ടി പാര്‍‌ക്ക് ചെയ്തു ഞങ്ങള്‍ഉള്ളില്‍ കയറി. എന്തോ ആഘോഷം കഴിഞ്ഞതിന്റെ ലക്ഷണം അവിടെ കാണാന്‍ ഉണ്ടായിരുന്നു.അവിടെ കണ്ട ജൈനന്‍മാരുടെ കൂടെ നിന്നും കുറച്ചു ഫോട്ടോസ് എടുത്തു. പിന്നീട് അതിനകത്ത്‌കയറി. എല്ലായിടവും വളരെയേറെ ഭംഗി ആയി സുക്ഷിച്ചിട്ടുണ്ടായിരുന്നു. പ്രധാന ഹാളിനകത്ത്കേറണം എന്നുണ്ടയിരുന്നെങ്കിലും അവിടെ എന്തോ പൂജ നടക്കുകയായിരുന്നതിനാല്‍ പറ്റിയില്ല.പിന്നീട് അവിടെ ചുറ്റി കുറച്ചു ഫോട്ടോസ് എടുത്തു ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി.


ഇവിടെ നിന്നുംവീണ്ടും മടിക്കെരിയില്ലേക്ക് പോയി . മടിക്കേരി ടൌണ്‍ കഴിഞ്ഞാണ്‌ "കാവേരി നിസര്‍‌ഗസാമ". ഒരുപാര്‍‌ക്ക് ആണ് ഇത്. ബോട്ടിംഗ് ആണ് പ്രധാന ആകര്‍‌ഷണം. പിന്നെ കുറെ പൂന്തോട്ടങ്ങളും ഒരു തൂക്കുപാലവും. ഞങ്ങള്‍ ബോട്ടില്‍ കയറി കുറെ നേരം ഇരുന്നു, പിന്നെ അവിടെ നിന്നും പുറത്തുകടന്നു .

പിന്നീട് ഞങ്ങള്‍ "ABBEY WATER FALLS" കാണാന്‍ പോയി. "അബ്ബി" മാഡത്തിന്റെസ്മരണയ്ക്കായിട്ടാണ് ഈ വാട്ടര്‍ ഫാളിന് ഈ പേര് വെച്ചത് എന്ന് അവിടെ എഴുതി വച്ചിരിക്കുന്നതുകണ്ടു. ഇവിടേക്കുള്ള യാത്ര തന്നെ ഒരു അനുഭവം ആണ്. വളഞ്ഞു പുളഞ്ഞു പോകുന്ന ചെറിയ റോഡ്‌.ചുറ്റും നോക്കിയാല്‍ കാണുന്ന മരകൂട്ടങ്ങളും താഴ്വരകളും. അതിമനോഹരമായ കാഴ്ചകള്‍. ഞങ്ങള്‍ഇടക്ക് നിറുത്തി കുറെ ഫോട്ടോസ് എടുത്തു.

വണ്ടി പാര്‍ക്ക്‌ ചെയ്തു കുറച്ചു ഉള്ളിലേക്ക് നടക്കണം അവിടെ എത്താന്‍. നല്ല തിരക്കുണ്ടായിരുന്നു.മഴക്കാലം അല്ലാത്തതിനാല്‍ ആണെന്ന് തോനുന്നു ഞങ്ങള്‍ പ്രതീക്ഷിച്ചത്ര വലിയ വെള്ളചാട്ടം ഒന്നുംആയിരുന്നില്ല. എങ്കിലും നല്ല തിരക്കുണ്ടായിരുന്നു. എന്തായാലും പോയതല്ലേ എന്ന് വെച്ച് കുറച്ചുഫോട്ടോസ് ഒക്കെ എടുത്തു ഞങ്ങള്‍ തിരിച്ചു നടന്നു .
വരുമ്പോള്‍ അവിടെ പച്ച ഓറഞ്ചു വില്‍ക്കുന്നത് കണ്ടു.മുളകു പൊടിയും ഉപ്പും തിരുമി ഓറഞ്ചു മുറിച്ചുതന്നു . അതിന് ഒരു പ്രത്യേക ടേയ്സ്റ്റ് ഒക്കെ ഉണ്ടായിരുന്നു. എന്തായാലും വിശന്നു തുടങ്ങിയിരുന്നഞങ്ങള്‍ അത് കുറെ അകത്താക്കി. തിരിച്ചു ആ വളഞ്ഞു പുളഞ്ഞ വഴിയിലുടെ വരുമ്പോള്‍ ഒരു പ്രത്യേകരീതിയില്‍ പണിത ഒരു മണ്ഡപം കണ്ടു. അത് എന്താണ് എന്ന് ഞങ്ങള്‍ക്ക് മനസിലായില്ല. ഒരുഫോട്ടോ എടുത്തു ഞങ്ങള്‍ തിരിച്ചു വണ്ടിയില്‍ കയറി.

ഞങ്ങള്‍ വീണ്ടും മടിക്കെരെ ടൌണിലേക്ക്തിരിച്ചു പോന്നു. വളരെ രസമുള്ള യാത്രയായിരുന്നു അത്. ചുറ്റും ഇടതൂര്‍ന്നു നില്‍ക്കുന്ന കാടുകള്‍, അതിനുനടുവിലൂടെ ഉള്ള റോഡും.

ഞങ്ങള്‍ മടിക്കെരെ ടൌണില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചു. നാട്ടിലെരീതിയില്‍ ഉള്ള ഭക്ഷണം കഴിക്കാന്‍ സാധിച്ചു. എവിടെ പോകണം എന്നതായി അടുത്ത പ്രശ്നം.തലകാവേരിയില്‍ പോകാന്‍ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അവിടെ നിന്നും വീണ്ടും 70 KMയാത്രചെയ്താല്‍ മാത്രമേ അവിടെ എത്താന്‍ പറ്റുകയുള്ളൂ എന്നതിനാല്‍ അത് വേണ്ട എന്ന് വെച്ച്അടുത്തുള്ള " ഓം ഗണേശ്വര ക്ഷേത്രത്തിലേക്ക് പോയി .


വളരെ മനോഹരമായ ഒരു ക്ഷേത്രം ആണിത് . വളരെ പുരാതന മായ ഒരു ആരാധനാലയം ആണ്എന്ന് തോന്നുന്നു. ക്ഷേത്രത്തിനോട് ചേര്‍ന്ന് ഒരു കുളവും ഉണ്ട് - നല്ല തെളിഞ്ഞ വെള്ളം, അതിന്റെനടുക്കായി ഒരു ചെറിയ വിഗ്രഹവും. അല്പനേരം അവിടെ ചിലവഴിച്ച ശേഷം അവിടെ നിന്നും തിരിച്ചുപോന്നു.
പിന്നീട് ഞങ്ങള്‍ പോയത് "RAJA FORT" കാണാന്‍ ആണ്. വളരെ വലുതൊന്നും അല്ലാത്ത ഒരുചെറിയ കോട്ട. ഇതില്‍ കുറെ ഗവണ്മെന്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കയറി ചെല്ലുന്നസ്ഥലത്തുതന്നെ ഒരു തോക്ക് സുക്ഷിചിട്ടുണ്ടായിരുന്നു. സാധാരണ എല്ലായിടത്തും കാണുന്നപോലെഉള്ള ചെറിയ കവാടങ്ങളും ഒക്കെ ഇവിടുത്തെയും പ്രത്യേകത ആണ്. രണ്ടു വലിയ ആനകളുടെപ്രതിമകള്‍ ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു.
രാത്രി മുഴു‌വനും ഉറക്കം ഇല്ലാത്തതിനാലും യാത്ര ക്ഷീണവുംകാരണം ഇനി തിരിച്ചു പോയാല്‍ മതി എന്നാ അവസ്ഥയില്‍ ആയിരുന്നു ഞങ്ങള്‍ . അവിടെ കണ്ട ഒരു ഗോപുരത്തില്‍ കുറച്ചു വിശ്രമിച്ചതിനു ശേഷം തിരിച്ചുപോരാന്‍ തിരുമാനിച്ചു. തിരിച്ചുഉള്ള യാത്രയും നല്ല രസമായിരുന്നു. ക്ഷീണം കാരണം വണ്ടിയില്‍ കയറിയ ഉടനെ എല്ലാവരും ഉറക്കംതുടങ്ങി. ഹൈവേയില്‍ എത്തിയപോള്‍ അതുവരെ വണ്ടിഒടിച്ചിരുന്ന സുജിത് അത് പയസിനെ ഏല്പിച്ചു.കുറച്ചു ദൂരം പോയതും വണ്ടി ചെറുതായി ഇളകി സൈഡിലേക്ക് പോകുന്നതാണ് കണ്ടത്. പയസിനുകാര്യം മനസിലായി വന്നപോഴേക്കും കുറച്ചു വൈകിയിരുന്നു - ഒരു ടയര്‍ പഞ്ചര്!. എല്ലാവരുംവണ്ടിയില്‍ നിന്നും പുറത്തിറങ്ങി. ഇനി എന്തുചെയും എന്ന് ആലോചിക്കുമ്പോള്‍ വണ്ടിയുടെ ചാവിവിനീതിന് നേരെ നീട്ടി പയസ് പറഞ്ഞു "ഡാ ഇനി വണ്ടി
നീ ഓടിചോ‌ ! ". വിനീത് മറുപടിയായിഎന്ത്പറഞ്ഞു എന്ന് ഇവിടെ പറയാന്‍ പറ്റില്ല.

വണ്ടിയുടെ ടയര്‍ മാറ്റി വേറെ ഒരെണം ഇട്ടു. വീണ്ടും അതെ പ്രശ്നം .രണ്ടു പ്രാവശ്യം ടയര്‍ മാറ്റിയിട്ടും റിംവളഞ്ഞതിനാല്‍ പോകാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അടുത്തൊന്നും ഒരു വര്‍ക്ക്‌ ഷോപ്പ് പോയിട്ട് ഒരുപെട്ടി കടപോലും ഇല്ല. വര്‍‌ക്ക് ഷോപ്പ് ഉണ്ടോ എന്ന് നോക്കുവാനായി അതിലേ പോയ ഒരു ബൈക്ക്ന്റെ പിന്നില്‍ വിനീതിനെ കയറ്റിവിട്ടു ഞങ്ങള്‍ അവിടെ അവനെയും കാത്തു നിന്നു.


കുറച്ചു കഴിഞ്ഞതും എനിക്ക് വീണ്ടും വിശന്നു തുടങ്ങി. എനിക്ക് കൂടിനു ബില്‍‌ബിയും ഉണ്ടായിരുന്നു.അവിടെ ആകെ കണ്ട ഒരു പെട്ടികടയില്‍ പോയി ചായ എങ്കിലും കിട്ടുമോ എന്ന് നോക്കിയപ്പോള്‍അതും ഇല്ല. അപ്പോള്‍‌ അവിടെ കണ്ട ഒരു അപ്പപ്പനോട് അറിയാവുന്ന കന്നടയില്‍ കാര്യം പറഞ്ഞു.അയാള്‍ ഞങ്ങളെ കൂടി അവിടെ ഒരു വീട്ടിലേക്കു കൂടികൊണ്ടുപോയി. സത്യം പറഞ്ഞാല്‍ ആ സ്ഥലംകണ്ടപ്പോള്‍ ചെറിയ പേടി തോന്നി. ഇനി അപ്പപന്‍ ഞങ്ങളെ തെറ്റിദ്ധരിച്ചതാണ് എന്ന് ഞാന്‍ ഭയന്നു.കാരണം അവിടെ കുറച്ചു സ്ത്രീകളെ മാത്രമേ കാണാന്‍ ഉണ്ടായിരുന്നുള്ളു. എന്തായാലും കാര്യംപറഞ്ഞപ്പോഴേ അവര്‍ ഇരിക്കാന്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞു രണ്ടു ഗ്ലാസ്‌ ചായയും കുറെ വടയും തന്നു.അതുമുഴുവന്‍ തിന്നിട്ടും അവര്‍ അകെ പത്തുരൂപയെ ഞങ്ങളുടെ കയില്‍ നിന്നും വാങ്ങിയുള്ളൂ.ബാക്കിയുള്ളത് തിന്നുകൊണ്ട്‌ വരുമ്പോള്‍ ആണ്‌ ശ്രീയും പയസും ഞങ്ങളെ കണ്ടത്. അവരും പോയി,അവിടെ ബാക്കി ഉണ്ടായിരുന്നത് വാങ്ങി കഴിച്ചു.

അപ്പോഴേയ്ക്കും വിനീത് തിരിച്ചു വന്നു. വണ്ടി ഒരു കിലോമീറ്റര്‍‌ അകലെയുള്ള വര്‍ക്ക്‌ ഷോപ്പില്‍എത്തിച്ചാല്‍ അവര്‍ മാറ്റിത്തരും , എങ്ങനെ ഒക്കെയോ വണ്ടി അവിടെ എത്തിച്ചു. അവിടെ നിന്നുംഅത് മാറ്റി ഇറങ്ങുമ്പോള്‍ രാത്രി എട്ടുമണിയോടടുത്തിരുന്നു. തിരിച്ചു മൈസൂര്‍ വഴി, ഞങ്ങള്‍ രാത്രി വളരെവൈകി ബാംഗ്ലൂരില്‍ എത്തിച്ചേര്‍‌ന്നു.

Wednesday, September 16, 2009

ബി ബി സി

കോളേജ് ജീവിതം എന്നും മറക്കാന്‍ പറ്റാത്ത കുറെ ഓര്‍മകള്‍ ആണ് . കോളേജില്‍ അന്ന് എന്തോ കലാപരിപാടികള്‍ നടക്കുകയാണ് . പതിവു പോലെ ഏതാണ്ട് ഉച്ചയോടെ ഞങ്ങളുടെ സഘം (PRRAJAASS) പുറത്തിറങ്ങി . പടിപുരയില്‍ സോരപരഞ്ഞിരിക്കുമ്പോള്‍ കോളേജിലെ പ്രോഫെസ്സോരും അദേഹത്തിന്റെ മകളും ഞങ്ങളെ കടന്നുപോയി , ആ കുട്ടിയെ കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നു . ഉടനെ വന്നു പ്രശാന്തിന്റെ വക ഒരു കമന്റ്‌ " നല്ല ഒരു ബി ബി സി " എന്ന് , ഞങ്ങള്‍ക്ക് ഒന്നും മനസിലായില്ല
എന്താണ് ഇവന്‍ ഉദേശിച്ചത്‌ എന്ന് ( അവനെ കുറിച്ചു ഞങ്ങള്ക്ക് അറിയംയിരുനതുകൊണ്ട് എന്തായാലും നല്ലതൊന്നും ആയിരിക്കില്ല എന്നറിയാം )
ഞങ്ങള്‍ വളരെ നിര്‍ബന്ധിച്ചിട്ടും അളിയന്‍ പറയുന്നുമില്ലാ, ഞങ്ങള്‍ക്കനെങ്ങില്‍ അത് അറിയാതെ വയ്യാ . ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ അവന്‍ അതിന്റെ അര്ത്ഥം പറഞ്ഞു തന്നു ബി ബി സി ( ഭാവിയില്ലേ ബഡാ ചരക്കു ) അവന്‍ ഇതു പറഞ്ഞു മുഴുവന്‍ ആക്കിയില്ല എല്ലാവരും കൂടി അവനെ വളയുനതാണ് കണ്ടത് , പിന്നെ കുറെ നേരത്തേക്ക് അവിടെ ഒരു നല്ല ബഹളമായിരുന്നു , എല്ലാം കഴിഞ്ഞു നോക്കുമ്പോള്‍ അവന്‍ എഴുനേല്‍ക്കാന്‍ പോലും പറ്റാതെ അവിടെ കുനിഞിരിപ്പുണ്ടായിരുന്നു

Thursday, August 27, 2009

എന്റെ ഗ്രാമം

ഞാന്‍ ബ്ലോഗില്‍ ഒരു തുടക്കകാരന്‍ ആണ്. ഞാന്‍ ജനിച്ചുവളര്‍ന്ന എന്റെ ഗ്രാമത്തിലേക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ് ഇതിലൂടെ. ഏറിയാല്‍ ഒരു 1000 ജനങ്ങള്‍ മാത്രം ഉള്ള ഒരു മനോഹര ഗ്രാമം - പാലക്കാടു നിന്നും ഏതാണ്ട് 30കിലോമീറ്റര്‍ മാറി ചെര്‍‌പ്പുളശ്ശേരി റൂട്ടില്‍ കോങ്ങാട്‌ എന്ന ചെറിയ ടൌണിനോട് ചേര്‍ന്ന് കിടക്കുന്ന ത്രിപ്പലമുണ്ട എന്ന ഒരു കൊച്ചു ഗ്രാമം . നാലു വശവും പാടങ്ങളും നടുക്ക് ഒരു ക്ഷേത്രവും - അതാണ് ഇവിടുത്തെ പ്രത്യേകത എന്നു വേണമെങ്കില്‍ പറയാം.

ഒരു റോഡ്‌ എന്നുള്ളത് അവിടുത്തെ എന്നത്തേയും ഒരു സ്വപ്നമായിരുന്നു.( ഈ സ്വപ്നം കഴിഞ്ഞ വര്‍ഷം പൂവണിഞ്ഞു എന്ന് പറയാം പക്ഷെ ഒരു ബസ്‌ ആ വഴിയിലുടെ എന്നാണ് എന്ന് ദൈവത്തിനു പോലും അറിയാത്ത ഒരു കാര്യമായിരിക്കും ).
ഇവിടുത്തെ ഒരു ദിവസം എന്താണ്ട് രാവിലെ നാലുമണിയോടെ ആരംഭിക്കുന്നു. അമ്പലത്തിലെ സുപ്രഭാതം കേട്ടുകൊണ്ടായിരിക്കും അത് . എല്ലാ വീട്ടിലും പശു ഉള്ളതിനാല്‍ അതിനെ കറന്ന്, പാല്‍‌ രണ്ടു കിലോമീറ്റര്‍‌ അകലെ ഉള്ള പാല്‍ സോസൈറ്റിയില്‍ എത്തിക്കുന്നു. (ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ മില്‍മയുടെ ഒരു യുണിറ്റ്‌ ഇവിടെ തുടങ്ങി എന്നുള്ളതും ഇവിടുത്തെ വികസനത്തിന്റെ ഒരു ലക്ഷണമായി പറയാം ). ഈ പാല്‍‌ സൊസൈറ്റി ആണ് ഇവിടുത്തെ പ്രധാന വാര്‍ത്ത മിനിമയ മാര്‍‌ഗ്ഗം എന്ന് പറയാം ലോകത്തില്‍ നടക്കുന്ന സകല കര്യങ്ങളെ കുറിച്ചും ഇവിടെ ചര്‍ച്ച ചെയ്യും
ഗ്രാമത്തിന്റെ നടുക്കായി ആണ് അമ്പലം ഉള്ളത്. ഇതിനെ ചുറ്റി വീടുകള്‍... അതിനും അപ്പുറത്ത് ചുറ്റി വളഞ്ഞു കിടക്കുന്ന തോടാണ്. ഇതിനും അപ്പുറം ഉള്ള നെല്‍ വയലുകള്‍ ആണ് ഇവിടുത്തെ പ്രധാന വരുമാനമാര്‍‌ഗ്ഗം. ഈ അമ്പലം സ്വയംഭൂവായ ഒരു ശിവക്ഷേത്രമാണ്. ഇവിടുത്തെ ശിവരാത്രി വളരെ പ്രധാനമാണ്. ഏഴു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ശ്രിവരാത്രി ഉത്സവം. ത്രിപ്പലമുണ്ട എന്നാ ഈ പേരിന്റെ പിന്നിലും ഒരു കഥയുണ്ട് . താഴ്ന്ന ജാതിയില്‍ പെട്ട ഒരു പാവം സ്ത്രീ പുല്ലരിയാന്‍ പോയപ്പോള്‍ ഒരു കല്ല്‌ കണ്ടു എന്നും അവരുടെ കയിലുണ്ടയിരുന അരിവാള്‍ ആ കല്ലില്‍ ഉരച്ചപ്പോള്‍ ചോര വന്നു എന്നും അതുകണ്ട ആ സ്ത്രീ പേടിച്ചു ഓടുമ്പോള്‍ തുപ്പി കൊണ്ടു "തു മുന്‍‌ടെയ്‌ "എന്ന് പറഞ്ഞത്രേ. അത് പിന്നീട് ത്രിപ്പലമുണ്ട ആയതാണ് എന്ന് പറയുന്നു.
ഇവിടെ ഒരു പ്രൈമറി സ്കൂള്‍ ഉണ്ട് അതുകഴിഞ്ഞാല്‍ അപ്പര്‍ പ്രൈമറി സ്കൂളിനായി ഏതാണ്ട് 2.5km നടക്കണം , പിന്നേ ഹൈ സ്കൂളില്‍ പോകണമെങ്കിലും ഇത്രയം ദൂരം നടക്കണം . മഴക്കാലത്താണെങ്കില്‍ അടുത്തുള്ള തോട് നിറഞ്ഞാല്‍ പിന്നെ അപ്പുറത്ത് പോകണമെങ്കില്‍ ഈ പറഞ്ഞതിന്റെ ഇരട്ടി നടക്കണം. ഇന്നും ഇത്രയും ദൂരം നടന്നു പോകുന്നവരുണ്ട് എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് അതൊരു അത്ഭുതമായിരിക്കും
കുറെ ഒക്കെ വികസനം ആയെങ്കിലും ഇന്നും ഒരു തനി നാടന്‍ പ്രദേശമാണിത്. ഞാന്‍ ഒരു പാടു ഇഷ്ടപെടുന്ന എന്റെ ഗ്രാമം
അഭി

Wednesday, August 26, 2009

തുടക്കം

ഞാന്‍ ബ്ലോഗില്‍ ഒരു തുടക്കകാരന്‍ ആണ്‌ .എന്റെ കുറെ അനുഭവങളും വിചാരങ്ങളും ഞാന്‍ ഇവിടെ കുറിച്ചിടുകയാണ്.നിങ്ങളുടെ അഭിപ്രയങ്ങളും നിര്‍ദേശങ്ങളും അറിയിക്കണം
അഭി