Wednesday, October 21, 2009

എന്റെ പ്രിയപ്പെട്ട അച്ചായന്‍!

ഇന്നലെ എന്റെ ഒരു കൂട്ടുകാരന്‍ വിളിച്ചിരുന്നു. ഞാനും അവനും ഒന്നിച്ചു ആന്ധ്രയില്‍ ജോലി ചെയ്തിരുന്നതാണ് . സംസാരത്തിന് ഇടക്ക് എപ്പോഴോ 'വിജയ്‌ ' ഒരു സംസാര വിഷയമായി . ഫോണ്‍ വെച്ചു കഴിഞ്ഞും അവനെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ മനസ്സില്‍ നിന്നും പോയില്ല.

ലോകത്ത് എന്റെ കൂടെ ഇല്ലാത്ത... എന്റെ ഒരു ജ്യേഷ്ഠ സഹോദരനെ പോലെ കരുതിയിരുന്ന എന്റെ കൂട്ടുകാരന്‍ വിജയ്‌ ... അവനെ കുറിച്ചവട്ടെ ഇത്തവണത്തെ പോസ്റ്റ്.

ഞാന്‍ അന്ന് ആന്ധ്രയിലെ വിജയവാഡയില്‍ ജോലി ചെയുകയാണ് . ഞങ്ങളുടെ ഓഫീസിന്റെ പുതിയ ഒരു ബ്രാഞ്ച് അവിടെവണ്‍ ടൌണ്‍എന്ന സ്ഥലത്ത് തുടങ്ങി. അവിടത്തെ മാനേജര്‍ എന്ന പോസ്റ്റില്‍ ആയിരുന്നു ഞാന്‍‌. പുതിയ ബ്രാഞ്ച് ആണെങ്കിലും അത്യാവശ്യം തിരക്കുണ്ട്‌. ഞാനും വേറെ രണ്ടു ലോക്കല്‍ സ്റ്റാഫുകളും മാത്രമേ ബ്രാഞ്ചില്‍ ഉണ്ടായിരുന്നുള്ളു . യിടയ്ക്കാണ്‌ ഹെഡ് ഓഫീസില്‍ നിന്നും വിളിച്ചു, പുതിയ ഒരാള്‍ അസിസ്റ്റന്റ് മാനേജര്‍ ആയി അവിടേക്ക് വരുന്നുണ്ട് എന്ന് പറഞ്ഞത്.

വരുന്ന
ആള്‍‌ മലയാളീ ആണെന്നറിഞ്ഞപ്പോള്‍ എനിക്കും സന്തോഷമായി. സാധാരണ അവിടുത്തെ സ്റ്റാഫുകളെ പോലെ ഒരു പത്തിരുപതു വയസുള്ള ഒരു പയ്യനെ ആണ് ഞാന്‍ പ്രതിക്ഷിച്ചത് . പക്ഷെ വിജയ്‌ എന്ന അവനു എന്നെക്കാള്‍ പത്തു പന്ത്രണ്ടു വയസ്സെങ്കിലും കൂടുതല്‍‌ കാണുമെന്ന് പരിചയപ്പെട്ടപ്പോള്‍ മനസ്സിലായി. മാത്രമല്ല, അവന്‍ കല്യാണം കഴിഞ്ഞു ഒരു കുട്ടിയുടെ അച്ഛനും ആയിരുന്നു. ആദ്യമൊക്കെ അവനെ പേര് വിളിക്കാന്‍ ഒരു മടി ഉണ്ടായിരുന്നു, പിന്നീട് അത് കുഴപ്പം ഇല്ല എന്നായി .

പ്രായം കൊണ്ട് എന്നതിലുപരി അനുഭവം കൊണ്ടും എന്നെക്കാള്‍‌ ഒരുപാടു ഉയര്‍ന്നവന്‍ ആയിരുന്നു വിജയ്‌ . സ്വദേശം തൃശൂര്‍... കുറെ കാലം ഗള്‍ഫില്‍ ആയിരുന്നു. വിവാഹത്തിന് ശേഷം ‘ഒരു കുഞ്ഞ്എന്നത് ഒരു സ്വപ്നമായപോള്‍ അവിടുത്തെ ജോലി മതിയാക്കി തിരിച്ചു നാട്ടില്‍ എത്തിയതായിരുന്നു അവന്‍ (അന്ന് അവന്റെ ഭാര്യ ബി എഡ് നു പഠിയ്ക്കുകയായിരുന്നു)

ഗള്‍ഫിലെ അനുഭവങ്ങളെ കുറിച്ച് അവന്‍ ഇടക്ക് എനിക്ക് പറഞ്ഞു തരുമായിരുന്നു . ഭാര്യയെയും മകനെയും വിട്ടു വീണ്ടും പോകാന്‍ മനസില്ലാത്തതിനാല്‍ ആണ് ചെറുതെങ്കിലും ജോലി സ്വീകരിക്കാന്‍ കാരണം. പക്ഷെ രണ്ടു വര്‍ഷത്തെ കമ്പനിയിലെ എന്റെ അനുഭവം കൊണ്ട് അവിടുത്തെ ജോലി അവനു ഒരു പാട് കഷ്ടപാടുകള്‍ ഉണ്ടാക്കി വെക്കും എന്ന് എനിക്കുറപ്പായിരുന്നു. ഞാന്‍ ഇത് അവനോടു പറയുകയും ചെയ്തു .

" അച്ചായന്‍" എന്നാണ് അവനെ അവിടുത്തെ മറ്റു മലയാളി സ്റ്റാഫുകള്‍ വിളിച്ചിരുന്നത്. എല്ലാവരുമായി അവന്‍ വളരെ പെട്ടന്നു തന്നെ അടുത്തു. ഞങ്ങളുടെ കൂട്ടത്തിലെ മുതിര്‍‌ന്നയാള്‍ എന്ന നിലയില്‍, എല്ലാവരും ഒരു ബഹുമാനത്തോടെ ആണ് അവനെ കണ്ടിരുന്നത്. എന്തിനും ഏതിനും ഞങ്ങളുടെ കൂടെ ഇറങ്ങാന്‍ അവന് ഒരു മടിയും ഇല്ലായിരുന്നു. ചിലപ്പോഴൊക്കെ മദ്യപിക്കുന്ന ഒരു ശീലം അവനുണ്ടായിരുന്നുവെങ്കിലും വേറെ ആര്‍ക്കും ബുദ്ധിമുട്ട് ഒന്നും ഉണ്ടാക്കുകയില്ല. അത്തരം അവസരങ്ങളില്‍ അവന്‍‌ പാടുന്ന പാട്ടു കേള്‍ക്കാന്‍ തന്നെ നല്ല രസമായിരുന്നു !

" സു സു സുരന്ഗനിക്ക മാലു കണ്ട ............
കിസ് കിസ് ......................"
( എനിക്ക് അത് മുഴുവനും ഓര്‍‌മ്മ വരുന്നില്ല)

കമ്പനിയില്‍ ഞങ്ങളെ ആവശ്യത്തിനും അനാവശ്യത്തിനും ബുദ്ധിമുട്ടിക്കുക എന്നത് കേരളത്തിലെ ഞങ്ങളുടെ ഹെഡ് ഓഫീസില്‍ ഇരിക്കുന്നവരുടെ ഒരു വിനോദം ആയിരുന്നു. ആന്ധ്രയിലെ പൊള്ളിക്കുന്ന ചൂടില്‍ ഇറങ്ങി മാര്‍ക്കറ്റിങ്ങിനു ഞങ്ങളെ നിര്‍ബന്ധിയ്ക്കുമായിരുന്നു അവര്‍. മാനേജര്‍ എന്ന നിലയില്‍ ബിസ്സിനെസ്‌ കുറവാണു എന്നതിന്റെ പേരില്‍ അക്കാലത്ത് ചീത്തവിളി ഞാന്‍ മുറയ്ക്ക് കേട്ടുകൊണ്ടിരുന്നു . യിടയ്ക്കാണ് അവിടുത്തെ വളരെ തിരക്കുള്ള മറ്റൊരു ബ്രാഞ്ചിലേക്ക് എനിയ്ക്ക് ട്രാന്‍സ്ഫര്‍ ആയത്. പകരം ബ്രാഞ്ചിലെ ചുമതല അവനെ ഏല്പിച്ചു

എന്നെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തില്‍‌ എനിയ്ക്ക് ശനിയുടെ അപഹാരം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. കാരണം ബ്രാഞ്ച് മാറിയതിനു പുറമേ ഞങ്ങളുടെ ഒരു സ്ഥിരം കസ്റ്റമര്‍ വളരെ മാന്യമായ രീതിയില്‍ ഞങ്ങള്‍ക്കിട്ടു പണിതു. ( പിന്നീട് ഒരിക്കല്‍ ഇതിനെ പറ്റി പറയാം). അതിന്റെ പേരില്‍ അതുവരെ പോലീസ് സ്റ്റേഷന്റെ പടി പോലും കണ്ടിട്ടില്ലായിരുന്ന ഞാന്‍ വിജയവാഡ പോലീസ് സ്റ്റേഷനിലെ സ്ഥിരം സന്ദര്‍ശകനായി. രാവിലെ ഓഫീസിലെ അറ്റന്റന്‍സ് മാര്‍ക്ക്‌ ചെയ്തു കഴിഞ്ഞാല്‍ പിന്നെ നേരെ പോലീസ് സ്റ്റേഷന്‍!


കമ്പനിക്ക്‌ ഏതാണ്ട് രണ്ടു മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ട്, അയാള്ക്ക് എതിരെ കേസ് ആയി. ഞങ്ങള്‍ കുടുങ്ങി എന്ന് പറയാം. മലയാളികള്‍ എന്ന നിലയില്‍ വളരെ മാന്യമായ രീതിയിലായിരുന്നു പോലീസിന്റെ പെരുമാറ്റം ( തെലുഗില്‍ ഇത്രയധികം തെറി വാക്കുകള്‍ ഉണ്ട് എന്ന് അന്ന് മനസിലായി !). ഓരോ ദിവസവും തിരിച്ചു വരുമ്പോള്‍ നാളെ നേരം വെളുക്കരുതേ എന്നാവും പ്രാര്‍ത്ഥന.

സമയത്ത് ഒരു പക്ഷെ ഞാന്‍ ഒരു ആത്മഹത്യ ചെയ്യാതിരുനത് വിജയും എന്റെ മറ്റു കൂട്ടുകാരും കൂടെ തന്നെ ഉണ്ടായിരുന്നത് കൊണ്ടായിരിക്കണം. അവന്‍ എപ്പോഴും എന്റെ കൂടെ ഉണ്ടാകും, എന്തെങ്ങിലും പറഞ്ഞു എന്നെ സമാധാനിപ്പിക്കും.

ആയിടയ്ക്ക് അവന്‍
അവന്റെ ഭാര്യക്ക് വേണ്ടി അവിടെ ഒരു സ്കൂളില്‍ ജോലി അന്വേഷിക്കുകയും , അത് ഏതാണ്ട് ശര്യവുകയും ചെയ്തു . ബി എഡ് കഴിയാറായ ഭാര്യെ അടുത്ത തവണത്തെ ലീവിനു അവിടേക്ക് കൊണ്ടുവരാനായിരുന്നു പരിപാടി.

ആന്ധ്രയിലെ ഏറ്റവും ചൂടുകൂടിയ സമയം ആയിരുന്നു അപ്പോള്‍. ഞാന്‍ കുറെ ദിവസമായി ഒരു ട്രാന്‍സ്ഫറിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു . തെലുഗ് ഞാന്‍ സംസാരിക്കും എനതിനാല്‍ എന്നെ ആന്ധ്രയില്‍ തന്നെ ഏതെങ്കിലും ബ്രാഞ്ചിലേയ്ക്ക് മാറ്റാന്‍ ആണ് ഹെഡ് ഓഫീസില്‍ നിന്നും ശ്രമിച്ചിരുന്നത് . അവസാനം ഒരു പ്രമോഷന്‍ ട്രാന്‍സ്ഫര്‍ വഴി എനിയ്ക്ക് തിരുപ്പതിയിലേയ്ക്ക് മാറ്റം കിട്ടി.

എനിക്ക് ഇന്നും ഓര്‍മയുണ്ട് - അന്ന് ഞാന്‍ അവരോടെല്ലാവരോടും യാത്ര പറയുമ്പോള്‍ കരയാതിരിക്കാന്‍ ആവുന്നത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. അപ്പോഴേയ്ക്കും ബ്രാഞ്ചിലെ ബ്രാഞ്ച് ഹെഡ് എന്ന പോസ്റ്റിലേയ്ക്ക് വിജയിനെ പ്രോമോട്ടു ചെയ്തിരുന്നു. എനിക്ക് അന്ന് നാലു ജില്ലകളിലായി എട്ടോളം ബ്രാഞ്ചുകളുടെ ചുമതലയുണ്ടായിരുന്നു , എപ്പോഴും മീറ്റിങ്ങും മറ്റുമായി തിരക്കു തന്നെയായിരുന്നുവെങ്കിലും മിക്ക ദിവസങ്ങളിലും ഞങ്ങള്‍‌ ഫോണില്‍ സംസാരിക്കുമായിരുന്നു.

അങ്ങനെ ഒരാഴ്ച ആഴ്ച ഞാന്‍ എന്തോ മീറ്റിങ്ങിനു വേണ്ടി കേരളത്തില്‍ ഉള്ള സമയം ആയിരുന്നു. മീറ്റിങ്ങിനു ഇടക്ക് ആരുടേയോ മരണ വിവരം പറയുന്നതു കേട്ടു. ആരെപ്പറ്റിയായിരിയ്ക്കും പറയുന്നത് എന്ന് സംശയിച്ചിരിയ്ക്കുമ്പോള്‍‌ എനിയ്ക്ക് വിജയവാഡയില്‍ ഉള്ള എന്റെ ഒരു കൂടുകാരന്റെ ഫോണ്‍‌ വന്നു. അവന്‍ കരയുന്നുണ്ടായിരുന്നു . അവന്‍ പറഞ്ഞതു കേട്ടു ഞാന്‍ ഞെട്ടി. ഞങ്ങളുടെ വിജയ്‌ ഞങ്ങളെ ഒക്കെ വിട്ടു പോയി എന്നായിരുന്നു അവന്‍ പറഞ്ഞത്

ഉച്ചക്ക് എന്തോ ആവശ്യത്തിന് വേണ്ടി അടുത്ത ബ്രാഞ്ചിലേക്ക് വന്ന്‍ തിരിച്ചുപോകുമ്പോള്‍ ബസ്സ് സ്റ്റോപ്പില്‍ തലകറങ്ങി വീഴുകയായിരുന്നു എന്നാണ് കണ്ടു നിന്നവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. അപ്പോള്‍ തന്നെ അടുത്തുള്ള ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. "ഡീ ഹൈഡ്രേഷന്‍" ആയിരുന്നുവത്രേ. ആന്ധ്രയിലെ പൊള്ളുന്ന ചൂടു അനുഭവിച്ചിട്ടുള്ളവര്‍ക്ക് അറിയാം വെയിലത്ത്‌ പുറത്തു ഇറങ്ങി നടന്നാല്‍ എങ്ങനെ ഇരിയ്ക്കും എന്ന് .

അവസാനമായി തൃശ്ശൂരില്‍ അവന്റെ വീട്ടില്‍ വെച്ചു ഒരു നോക്ക് കണ്ടു-

അന്ന് ഒരു രണ്ടു രണ്ടര വയസു മാത്രം പ്രായമുള്ള, ഫോട്ടോയിലൂടെ മാത്രം ഞാന്‍ കണ്ടിട്ടുണ്ടായിരുന്ന അവന്റെ കുഞ്ഞിന്റെ മുഖം! അത് എന്റെ മനസ്സില്‍ നിന്നും ഒരു പക്ഷെ ഒരിക്കലും മാഞ്ഞു പോകില്ല .

ഇന്നും പഴയ ഓഫീസിനെ പറ്റി ചിന്തിയ്ക്കുമ്പോഴും അവിടെനിന്നും ആരെങ്കിലും വിളിയ്ക്കുമ്പോഴും എന്റെ മനസ്സില്‍ ആദ്യം ഓടി എത്തുന്ന ചിത്രം അവന്റേതാണ്, അകാലത്തില്‍ ഞങ്ങളെയെല്ലാം വിട്ടു പിരിഞ്ഞ ഒരു പാടു സ്വപ്നങ്ങള്‍ ഉണ്ടായിരുന്ന ഞങ്ങളുടെ അച്ചായന്റെ...